ബിജെപി സ്ഥാനാർഥിയായ സന്ദീപ് വചസ്പതി പുന്നപ്ര വയലാർ രക്തസാക്ഷി സ്മാരകത്തിൽ പുഷ്പാർച്ച നടത്തുകയും രക്തസാക്ഷികളെ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി തോമസ് ഐസക്. ബ്രിട്ടീഷുകാരുടെ ഷൂ നക്കിയും അവർക്ക് പാദസേവ ചെയ്തും സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത വഞ്ചകർക്ക് രക്തസാക്ഷിത്വത്തിന്റെ മൂല്യവും മഹത്വവും ാെരുകാലത്തും മനസ്സിലാകില്ല
കലാപം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുന്നപ്ര വയലാർ രക്തസാക്ഷികളെ ബിജെപി അധിക്ഷേപിക്കുന്നത്. സ്മാരകങ്ങളിൽ അതിക്രമിച്ചു കയറി രക്തസാക്ഷികളെ അവഹേളിച്ചാൽ സ്വാഭാവികമായും കനത്ത തിരിച്ചടി പ്രതീക്ഷിക്കും. എന്നാൽ സഖാക്കൾ വലിയ ആത്മസംയമനം പാലിച്ചു
മന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം
കലാപം സൃഷ്ടിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടെയാണ് പുന്നപ്ര വയലാർ രക്തസാക്ഷികളെ ബിജെപി അധിക്ഷേപിക്കുന്നത്. സ്മാരകങ്ങളിൽ അതിക്രമിച്ചു കയറി രക്തസാക്ഷികളെ അവഹേളിച്ചാൽ സ്വാഭാവികമായും കനത്ത തിരിച്ചടി പ്രതീക്ഷിക്കും. എന്നാൽ വലിയ ആത്മസംയമനമാണ് സഖാക്കൾ പ്രകടിപ്പിച്ചത്. തിരഞ്ഞെടുപ്പുകാലത്ത് ക്രമസമാധാനം തകർക്കാനുള്ള ബോധപൂർവമായ ശ്രമം നാടു തിരിച്ചറിഞ്ഞു കഴിഞ്ഞു.
ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ എല്ലാ സാധ്യതയുമുണ്ട്. ഇത്തരമൊരു നീചകൃത്യം ചെയ്തവർ എന്തും ചെയ്യാൻ മടിക്കില്ലെന്ന കരുതൽ എല്ലാവർക്കും ഉണ്ടാകണം. ഇത്തരം ഹീന കൃത്യങ്ങളെ അപലപിക്കാനോ തള്ളിപ്പറയാനോ ബിജെപി നേതൃത്വവും ഇതുവരെ മുന്നോട്ടു വന്നിട്ടില്ല എന്നും നാം കാണണം. ഉന്നതതലങ്ങളിലാണ് ഗൂഢാലോചന നടന്നത് എന്ന് വ്യക്തമാണ്.
ബ്രിട്ടീഷുകാരുടെ ഷൂ നക്കിയും അവർക്കു പാദസേവ ചെയ്തും സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്ത വഞ്ചകർക്ക് രക്തസാക്ഷിത്വത്തിന്റെ മൂല്യവും മഹത്ത്വവും ഒരുകാലത്തും മനസിലാവുകയില്ല. അതു മനസിലാകണമെന്ന് ആർക്കും വാശി പിടിക്കാനുമാവില്ല. വിഷം മുറ്റിയ സംഘികളിൽ നിന്ന് വിവേകവും സംസ്ക്കാരവും ആരും പ്രതീക്ഷിക്കുന്നുമില്ല.
എന്നാൽ, സംയമനം ദൌർബല്യമാണെന്ന് കരുതുകയുമരുത്.