വിവാദ ഓണ സമ്മാനം: തൃക്കാക്കര നഗരസഭാ അധ്യക്ഷയോട് പ്രതിപക്ഷ നേതാവ് വിശദീകരണം തേടി

 

തൃക്കാക്കരയിലെ ഓണ സമ്മാന വിവാദം അന്വേഷിക്കാൻ ഡിസിസിയോട് ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡിസിസിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റം ചെയ്‌തെന്ന് കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്നും സതീശൻ പറഞ്ഞു.

ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് ചെയർപേഴ്‌സൺ പതിനായിരം രൂപ കൂടി സമ്മാനം നൽകിയാണ് വിവാദത്തിലായത്. പണത്തിന്റെ ഉറവിടത്തിൽ സംശയം തോന്നിയ പ്രതിപക്ഷ കൗൺസിലർമാർ പണം തിരികെ നൽകി. അധ്യക്ഷയുടെ നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് കൗൺസിലർമാർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി.

ഓരോ അംഗങ്ങൾക്കും 15 ഓണക്കോടിക്കൊപ്പമാണ് കവറിൽ പതിനായിരം രൂപയും നൽകിയത്. അധ്യക്ഷയായ അജിത തങ്കപ്പൻ കൗൺസിലർമാരെ ഓരോരുത്തരായി ക്യാബിനിൽ വിളിച്ചുവരുത്തിയാണ് സ്വകാര്യമായി കവർ സമ്മാനിച്ചത്. കൗൺസിലർമാർക്ക് ഇത്തരത്തിൽ പണം നൽകാൻ നഗരസഭക്ക് ഫണ്ടൊന്നുമില്ല. 43 അംഗങ്ങൾക്ക് ഇത്തരത്തിൽ പണം നൽകാൻ 4,30,000 രൂപ വേണ്ടി വരും.