ഫൈസൽ ഫരീദ് നാല് മലയാള സിനിമകൾക്കായി പണം ചെലവഴിച്ചു; തെളിവുകൾ എൻ ഐ എക്ക്

കള്ളക്കടത്ത് കേസിൽ ദുബൈയിൽ അറസ്റ്റിലായ മൂന്നാം പ്രതി ഫൈസൽ ഫരീദ് നാല് മലയാള സിനിമകൾക്കായി പണം ചെലവഴിച്ചതായി കണ്ടെത്തൽ. മലയാളത്തിലെ ന്യൂ ജനറേഷൻ സംവിധായകന്റെയും മുതിർന്ന സംവിധായകന്റെയും ചിത്രത്തിന്റെ നിർമാണത്തിന് ഫൈസൽ ഫരീദ് പണം ചെലവഴിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.

നാല് സിനിമകൾക്കാണ് ഇയാൾ പണം മുടക്കിയത്. ഇതിന് ഇടനിലക്കാരനായി നിന്നത് മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനാണ്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ എൻ ഐ എ, കസ്റ്റംസ് സംഘങ്ങൾ ശേഖരിക്കുകയാണ്. കഴിഞ്ഞ 15 വർഷത്തിനിടെ സംസ്ഥാനത്ത് നടന്ന സ്വർണക്കടത്തിന്റെ വിവരങ്ങൾ ഫൈസലിന് അറിയാമെന്നാണ് സൂചന

ഫൈസൽ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനാൽ ഇയാളെ നാട്ടിലെത്തിക്കുന്നതിനായി അന്വേഷണ സംഘം ദുബൈയിലേക്ക് എത്താനാണ് സാധ്യത. ദുബൈ പോലീസിന്റെ സഹായത്തോടെ ഇയാളെ നാട്ടിലേക്ക് കയറ്റി അയക്കാനുള്ള സാധ്യതയും ആരായുന്നുണ്ട്

ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതിന് കരാറുള്ളതിനാൽ കൈമാറ്റത്തിന് തടസ്സമില്ല. എന്നാൽ ഫൈസലിനെ എന്ന് കൈമാറുമെന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സ്വർണമയക്കാൻ നേതൃത്വം നൽകിയത് ഫൈസൽ ഫരീദാണെന്ന് അറസ്റ്റിലായ പ്രതികൾ എൻ ഐ എയോട് സമ്മതിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published.