തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ഉച്ചത്തിൽ മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ചു. സഹയാത്രികർക്ക് ശല്യമാകുന്ന രീതിയിൽ വീഡിയോകളും പാട്ടുകളും വയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.
നിരോധനം ബസിനുള്ളിൽ എഴുതി പ്രദർശിപ്പിക്കും. ഇത് സംബന്ധിച്ചുണ്ടാകുന്ന പരാതികൾ കണ്ടക്ടർമാർ സംയമനത്തോടെ പരിഹരിക്കുകയും നിർദേശങ്ങൾ പാലിക്കാൻ യാത്രക്കാരോട് അഭ്യർഥിക്കുകയും ചെയ്യുമെന്ന് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ പത്രകുറിപ്പിൽ അറിയിച്ചു.