ജീവനക്കാരുടെ അനാസ്ഥയിൽ കൊവിഡ് രോഗികൾ മരിച്ചതായി നഴ്‌സിംഗ് ഓഫീസറുടെ വെളിപ്പെടുത്തൽ; അന്വേഷണത്തിന് ഉത്തരവിട്ടു

കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് വാർഡുകളിൽ കഴിയുന്ന രോഗികളിൽ ചിലർക്ക് ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് മരണം സംഭവിച്ചതായി നഴ്‌സിംഗ് ഓഫീസറുടെ വെളിപ്പെടുത്തൽ. നഴ്‌സിംഗ് ഓഫീസർ ജലജ ദേവിയുടെ പേരിലുള്ള സന്ദേശത്തിന്റെ ഭാഗമാണ് പുറത്തുവന്നത്.

 

കേന്ദ്രസംഘത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് നടത്തേണ്ട ക്രമീകരണങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ നഴ്‌സിംഗ് ഓഫീസറുടെയും ഹെഡ് നഴ്‌സുമാരുടെയും യോഗം ആർ എം ഒ വിളിച്ചു ചേർത്തിരുന്നു. ഇക്കാര്യങ്ങൾ ആശുപത്രി ജീവനക്കാരെ അറിയിക്കാനെന്ന പേരിലാണ് സന്ദേശം പുറത്തുവന്നത്.

ഗുരുതരാവസ്ഥയിലുള്ള പല രോഗികളുടെയും ഓക്‌സിജൻ മാസ്‌ക് കൃത്യമായല്ല ഘടിപ്പിച്ചിരിക്കുന്നതെന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായി ജലജ ദേവി പറയുന്നു. ഇക്കാര്യങ്ങൾ കണ്ടെത്തിയ ഡോക്ടർമാർ നഴ്‌സുമാരെ സഹായിക്കാൻ വേണ്ട വിധത്തിൽ ഇടപെടുന്നില്ല.

 

കൊവിഡ് ചികിത്സയിലിരിക്കെ ഹാരിസ് എന്നയാൾ മരിച്ചതും അശ്രദ്ധയെ തുടർന്നാണെന്ന് ജലജ ദേവി പറയുന്നു. ആരോപണം പുറത്തുവന്നതിന് പിന്നാലെ അടിയന്തര അന്വേഷണത്തിന് ആരോഗ്യമന്ത്രി കെ കെ ശൈലജ ഉത്തരവിട്ടു. ആരോഗ്യവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് നിർദേശം