സംസ്ഥാനത്ത് നവംബർ ഒന്ന് മുതൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനമായി

 

സംസ്ഥാനത്തെ സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കാൻ തീരുമാനമായി. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് അടച്ച സ്‌കൂളുകൾ ഒന്നര വർഷത്തിന് ശേഷമാണ് തുറക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത കൊവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.

സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശവും ഏതൊക്കെ ക്ലാസുകളിലാണ് അധ്യയനം ആരംഭിക്കേണ്ടതെന്ന കാര്യങ്ങളും പിന്നീട് തീരുമാനിക്കും. ആരോഗ്യവിദഗ്ധർ അടക്കമുള്ളവരുമായി നടത്തിയചർച്ചയിലാണ് തീരുമാനമായത്. പ്രൈമറി തലത്തിൽ ക്ലാസുകൾ ഉടൻ ആരംഭിക്കാനിടയില്ല. ഒമ്പത് മുതലുള്ള ക്ലാസുകളിൽ ആകും അധ്യയനം ആരംഭിക്കുക.