നവംബർ ഒന്ന് മുതൽ സംസ്ഥാനത്ത് 1800 ഔട്ട്‌ലെറ്റുകൾ വഴി സവാള വിതരണം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. സിവിൽ സപ്ലൈസിന്റെ 1000 ഔട്ട്‌ലെറ്റുകൾ, കൺസ്യൂമർഫെഡിന്റെ 300 ഔട്ട്‌ലെറ്റുകൾ, ഹോർട്ടികോർപ്പിന്റെ 500 ഔട്ട്‌ലെറ്റുകൾ എന്നിവ വഴി 45 രൂപയ്ക്ക് സവാള വില്പന ആരംഭിക്കും. നാഫെഡിൽ നിന്നും 35 രൂപയ്ക്കാണ് സവാള സംഭരിക്കുന്നത്. ഇപ്പോൾ 1800 ടൺ ഓർഡർ നൽകിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
കൃഷിക്കാരനിൽ നിന്ന് ഏതാണ്ട് 15 രൂപയ്ക്കു ലഭിച്ച സവാളയാണ് 80 മുതൽ 110 രൂപ വരെ വില നൽകേണ്ടി വരുന്നത്. കേരള സർക്കാർ നാഫെഡിൽ നിന്നും സവാള വാങ്ങുന്നത് പുതിയ കാർഷിക നയത്തിന്റെ വലിയ വിജയമായിട്ടാണ് ചിലർ ആഘോഷിക്കുന്നത്. എന്നാൽ ഈ പുതിയ നയം നാഫെഡിനെയും ഇല്ലാതാക്കാൻ പോവുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കൊട്ടിഘോഷിച്ച പരിഷ്കാരങ്ങളിൽ നിന്നും മറ്റു മാർഗമില്ലാത്തതിനാൽ ഒരുകാൽ പുറകോട്ടു വയ്ക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായിരിക്കുകയാണ്.
കേന്ദ്രത്തിന്റെ പുതിയ നയങ്ങളിലൂടെ കൃഷിക്കാർക്കും ഉപഭോക്താക്കൾക്കും ഉണ്ടാകാൻ പോകുന്ന വലിയ തിരിച്ചടിയുടെ നാന്ദിയാണ് ഈ ഉള്ളി വിലക്കയറ്റമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം ഉള്ളി വില നിയന്ത്രിക്കുന്നതിനായി കരുതൽ ശേഖരത്തിൽ നിന്ന് ഒരു ലക്ഷം ടൺ ഉള്ളി വിപണിയിലേക്ക് എത്തിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. വിദേശ രാജ്യങ്ങളിൽ നിന്നും ഉള്ളി ഇറക്കുമതി ചെയ്യാനായുള്ള നടപടികൾ പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു.