ചികിത്സാ ഫണ്ടിനെ ചൊല്ലിയുള്ള തർക്കവും ഭീഷണിയും; ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസ്

അമ്മയുടെ കരൾമാറ്റ ശസ്ത്രക്രിയക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് ഓൺലൈൻ സന്നദ്ധപ്രവർത്തകർ ഭീഷണിപ്പെടുത്തുന്നുവെന്ന പെൺകുട്ടിയുടെ പരാതിയിൽ ഫിറോസ് കുന്നംപറമ്പിൽ ഉൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്തു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി വർഷയുടെ പരാതിയിലാണ് ചേരാനല്ലൂർ പോലീസ് കേസെടുത്തത്.

അമ്മ രാധയുടെ കരൾമാറ്റ ശസ്ത്രക്രിയക്കായി സുമനസ്സുകൾ ചേർന്ന് വർഷയുടെ ബാങ്ക് അക്കൗണ്ടിൽ വലിയൊരു തുക നിക്ഷേപിച്ചിരുന്നു. ഇതിന്റെ പങ്ക് ആവശ്യപ്പെട്ടാണ് ചിലർ ഭീഷണിയുമായി എത്തിയത്. ഫിറോസ് കുന്നംപറമ്പിലിനൊപ്പം സാജൻ കേച്ചേരി, സലാം, ഷാഹിദ് എന്നീ മൂന്ന് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

വർഷയെ ഭീഷണിപ്പെടുത്തിയതിന് പുറമെ സമൂഹ മാധ്യമങ്ങൾ വഴി അപമാനിച്ചുവെന്നും പരാതിയിൽ പറയുന്നു. ശസ്ത്രക്രിയക്ക് സഹായം അഭ്യർഥിച്ച് വർഷ ഫേസ്ബുക്ക് ലൈവ് ചെയ്തിരുന്നു. പിന്നാലെ സാജൻ കേച്ചേരി സഹായവുമായി എത്തി. വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോൾ ജോയിന്റ് അക്കൗണ്ട് വേണമെന്നായിരുന്നു പ്രഖ്യപിത സന്നദ്ധ സേവകരുടെ ആദ്യത്തെ നിലപാട്. ഇതിന് വഴങ്ങാതിരുന്നപ്പോൾ ഭീഷണി ആരംഭിച്ചു

ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന വർഷയെ നിരന്തരം ഫോൺ ചെയ്ത് പണത്തിന്റെ പങ്ക് ചോദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവായതോടയാണ് പരാതിയുമായി പോയത്. ഫിറോസ് കുന്നംപറമ്പിൽ വർഷയെ വിളിക്കുന്നതിന്റെ സംഭാഷണ രേഖയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.