കോമണ്‍സെന്‍സ് ഉണ്ടെങ്കില്‍ ഇപ്പോഴും കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താം എന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. കേരളത്തില്‍ ആദ്യം പരീക്ഷിച്ച് വിജയിച്ച ബസ് സര്‍വ്വീസ് സംവിധാനം ആണ് പിന്നീട് തമിഴ്‌നാട്ടിലുള്‍പ്പെടെ അമ്മ ബസ് എന്ന പേരില്‍ സര്‍വ്വീസ് നടത്തി ഇന്നും മികച്ച പ്രതികരണത്തോടെ മുന്നോട്ട് പോകുന്നതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. താന്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന 2002 ലാണ് കേരളത്തില്‍ ആദ്യമായി കൈയ്യില്‍ കരുതുന്ന ടിക്കറ്റ് മെഷീന്‍ കേരളത്തില്‍ അവതരിപ്പിച്ചതെന്നും തന്റെയും കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനായ മനോഹരന്‍ നായരുടേയും ബുദ്ധിയാണ് അതിന്റെ പിന്നിലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
‘അന്ന് നമ്മള്‍ കൊണ്ടുവരികയും ആളുകള്‍ ഇരട്ടപേരായി കുട്ടി ഗണേശന്‍ എന്ന് വിളിക്കുകയും ചെയ്തതോടെ അങ്ങനെ ഇപ്പോള്‍ വിളിച്ച് സുഖിക്കണ്ട എന്ന് പറഞ്ഞ് ഡിസ്‌കണ്ടിന്യൂ ചെയ്ത സംവിധാനമാണിത്. പക്ഷെ ഇന്ന് തമിഴ്‌നാട്ടില്‍ അമ്മ ബസ് എന്ന പേരിലും ആന്ധ്രയിലും കര്‍ണാടകയിലും മിനിബസുകള്‍ ഓടിച്ച് വന്‍ വിജയമാക്കി മാറ്റുകയാണുണ്ടായത്. മുമ്പ് ഇവിടേയും എല്ലാ നിരത്തിലും കെഎസ്ആര്‍ടിസി ബസ് ഉണ്ടായിരുന്നു. കാരണം ചെലവ് കുറവല്ലേ. കോമണ്‍സെന്‍സ് ഉപയോഗിച്ചാല്‍ മതീന്നേ. 2002 ല്‍ നമ്മള്‍ ചെയ്ത് വിജയിച്ചതാണ് ഇന്ന് മറ്റ് സംസ്ഥാനങ്ങള്‍ ചെയ്യുന്നത്.’ ഗണേഷ് കുമാര്‍ പറഞ്ഞു.