കെഎസ്ആര്‍ടിസിക്കു പുതിയ 100 ബസുകള്‍ കൂടി; ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെഎസ്സ്ആര്‍ടിസിക്കു 100 പുതിയ ബസ്സുകള്‍ കൂടി. ഡിസംബറില്‍ പുതിയ ബസുകള്‍ ലഭിക്കുന്നതോടെ 8 വോള്‍വോ എസി സ്‌ളീപ്പര്‍ ബസും 20 എസി ബസും ഉള്‍പ്പെടെ 100 ബസുകളാണ് കെഎസ്ആര്‍ടിസി സ്വന്തമാക്കാന്‍ പോകുന്നത്. പരിസ്ഥിതി സൗഹൃദ ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് 310 സിഎന്‍ജി ബസുകളും 50 ഇലക്ട്രിക്ക് ബസുകളും വാങ്ങുന്നത്. ഡീസല്‍ എന്‍ജിനുകളില്‍ നിന്നു സിഎന്‍ജിയിലേക്കു മാറ്റുന്ന നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസിക്കു സ്ഥിരമായി നഷ്ടം വരുന്ന ബസ് റൂട്ടുകളില്‍ തുടര്‍ച്ചയായി സര്‍വീസ് നടത്താന്‍ കഴിയില്ലെന്നും ആദിവാസി മേഖലകളില്‍ സര്‍വ്വീസ് തുടങ്ങേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ ലാഭകരമായ സിഎന്‍ജി ബസ്സുകള്‍ക്കു മുന്‍ഗണന നല്‍കാനാണ് കെഎസ്സ്ആര്‍ടിസി ഉദ്ദേശിക്കുന്നത്. പഴക്കമുളള കെഎസ്ആര്‍ടിസി കെട്ടിടങ്ങള്‍ പുനര്‍ നിര്‍മ്മിക്കാനുളള സാമ്പത്തിക നിലയിലല്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ടൂറിസം വകുപ്പിന്റെയും സഹകരണത്താല്‍ കെഎസ്ആര്‍ടിസി ഡിപ്പോകളിലെ ശുചിമുറികള്‍ നവീകരിക്കുന്നത് പരിഗണനയിലുണ്ടെന്നും തമിഴ്‌നാട് സര്‍ക്കാരുമായി ചര്‍ച്ചചെയ്തു കൂടുതല്‍ അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസ് ആരംഭിക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.