ഡയറ്റ് ചെയ്യുമ്പോള്‍ പാല്‍ ഒഴിവാക്കണോ?

 

അമിതവണ്ണം കുറയ്ക്കാന്‍ വ്യായാമത്തിനൊപ്പം അല്‍പസ്വല്‍പം ഭക്ഷണ നിയന്ത്രണവും അത്യാവശ്യമാണ്. എന്നാല്‍ ഡയറ്റ് ചെയ്യുമ്പോൾ എന്തൊക്കെ ആഹാരപാനീയങ്ങളാണ് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് എന്നതിനെ സംബന്ധിച്ച് പലര്‍ക്കും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. അതില്‍ പ്രധാനപ്പെട്ട സംശയമാണ് പാല്‍ വേണമോ വേണ്ടയോ എന്നത്.

കുട്ടിക്കാലം മുതല്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നിര്‍ബന്ധപൂര്‍വം നല്‍കുന്ന ഒന്നാണ് പാല്‍. എന്നാല്‍ ഈ ആരോഗ്യകരമായ പാനീയത്തില്‍ ഭാരം കൂടാന്‍ കാരണമാകുന്ന കൊഴുപ്പ് ഉണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ്. ഈ കൊഴുപ്പിന്‍റെ സാന്നിധ്യമാണ് ഡയറ്റിങ്ങില്‍ പാല്‍ വേണമോ എന്ന സംശയം ഉയര്‍ത്തുന്നത്.

ഒരു കപ്പ് അഥവാ 250 മില്ലിഗ്രാം പാലില്‍ 5 ഗ്രാം സാച്ചുറേറ്റഡ് കൊഴുപ്പും 152 കാലറിയുമുണ്ടെന്ന് കണക്കാക്കുന്നു. എന്നാല്‍ ഈ കൊഴുപ്പിന്‍റെ അളവ് പേടിച്ച് ആഹാരക്രമത്തില്‍ നിന്ന് പാല്‍ ഒഴിവാക്കേണ്ടതില്ലെന്നാണ് ഡയറ്റീഷന്മാരുടെ അഭിപ്രായം. കാരണം കൊഴുപ്പിന് പുറമേ പ്രോട്ടീന്‍റെയും ഉയര്‍ന്ന സ്രോതസ്സാണ് പാല്‍. പേശികളുടെ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ അത്യാവശ്യമാണ്. കാല്‍സ്യം, സിങ്ക്, മാഗ്നീഷ്യം, വൈറ്റമിന്‍ ബി12, വൈറ്റമിന്‍ ഡി എന്നീ പോഷകങ്ങളുടെയും കലവറയാണ് പാല്‍. ഇവ എല്ലുകളെ ശക്തിപ്പെടുത്താനും ചയാപചയം വര്‍ധിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു. 250 മില്ലി പാലില്‍ 8 ഗ്രാം പ്രോട്ടീനും 125 മില്ലിഗ്രാം കാല്‍സ്യവും ഉണ്ടെന്ന് കണക്കാക്കുന്നു.

പാലും പാലുത്പന്നങ്ങളും അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഭാരനിയന്ത്രണത്തില്‍ മെച്ചപ്പെട്ട ഫലങ്ങള്‍ കൈവരിക്കുന്നതായി പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. പാലിലെ കാല്‍സ്യം അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ദഹന പ്രശ്നങ്ങള്‍, ഹൃദ്രോഗം തുടങ്ങിയവയുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസം ഒരു കപ്പ് പാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ലെന്നും ഇതവരെ ഊര്‍ജ്ജസ്വലരാക്കി നിലനിര്‍ത്താന്‍ സഹായിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു. ലാക്ടോസ് ഇന്‍ടോലറന്‍സ് ഉള്ളവര്‍ക്ക് പാലിന് പകരം സോയ് മില്‍ക്കോ നട് മില്‍ക്കോ ഉപയോഗിക്കാവുന്നതാണ്.