തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബര്‍ 27 തിങ്കളാഴ്ച രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സാധാരണ നിലയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസുകള്‍ നടത്തില്ല. ഹര്‍ത്താല്‍ ദിനത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ അഭാവവും യാത്രക്കാരുടെ എണ്ണവും കണക്കിലെടുത്താണ് തീരുമാനം.
അതേസമയം അവശ്യ സര്‍വീസുകള്‍ വേണ്ടി വന്നാല്‍ പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം മാത്രം നടത്തും. ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടില്‍ പരിമിതമായ ലോക്കല്‍ സര്‍വീസുകള്‍ പൊലീസ് അകമ്പടിയോടെ അയക്കാനാണ് ശ്രമമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് ശേഷം ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കും. കൂടാതെ എല്ലാ സ്റ്റേ സര്‍വീസുകളും വൈകിട്ട് 6 മണിക്ക് ശേഷം ഡിപ്പോകളില്‍ നിന്നും ആരംഭിക്കുമെന്നും കെഎസ്ആര്‍ടിസി എംഡി അറിയിച്ചു.