മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

 

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. നാല് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കാലതാമസം കൂടാതെ സഹായം വിതരണം ചെയ്യാൻ നിർദേശിച്ചതായി മന്ത്രി പറഞ്ഞു.

കനത്ത പേമാരിയിലും ഉരുൾപൊട്ടലിലുമായി 22 മരണമാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇന്നലെ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇന്ന് 14 പേരുടെകൂടി മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ കൊക്കയാറിൽ മൂന്നു കുട്ടികളുടെ മൃതദേഹമാണ് മണ്ണിനടിയിൽനിന്ന് കണ്ടെത്തിയത്.

അതേസമയം, സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുകയാണ്. അറബിക്കടലിലെ ന്യൂനമർദം ദുർബലമായി. ഇതോടൊപ്പം ന്യൂനമർദത്തിന്റെ ശേഷിപ്പുകൾ തുടരുന്നതിനാൽ ഒറ്റപ്പെട്ട ശക്തമായ മഴ ഇന്ന് വൈകീട്ട് വരെ തുടർന്നേക്കും. ഇന്ന് തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.