കൊവിഡ് ബാധിതരായി മരിച്ചവരുടെ കുടുംബങ്ങൾക്ക് സമാശ്വാസ ധനസഹായം; പ്രതിമാസം 5000 രൂപ വീതം മൂന്ന് വർഷം നൽകും

 

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിത കുടുംബങ്ങൾക്ക് നിലവിലുള്ള ധനസഹായങ്ങൾക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കൊവിഡ് ബാധിച്ച് ഗ്രഹനാഥനോ, ഗ്രഹനാഥയോ മരിച്ചാൽ ബി പി എൽ കുടുംബങ്ങൾക്കാണ് സഹായധനം ലഭിക്കുക. സാമൂഹ്യക്ഷേമ/ക്ഷേമനിധി/മറ്റ് പെൻഷനുകൾ ആശ്രിതർക്ക് ലഭ്യമാകുന്നത് അയോഗ്യതയാകില്ല.

അപേക്ഷ നൽകി പരമാവധി 30 ദിവസത്തിനകം ആനുകൂല്യം നൽകേണ്ടതാണ്. പ്രതിമാസം 5000 രൂപ വീതം സമാശ്വാസം ലഭിക്കുന്ന മാസം മുതൽ മൂന്നു വർഷത്തേയ്ക്കാണ് ഇത് നൽകുക. ഇതിനാവശ്യമായ തുക ബജറ്റിൽ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് വഹിക്കാനും തീരുമാനിച്ചു.

ഒറ്റ പേജിൽ ലളിതമായ ഫോറത്തിൽ അപേക്ഷ സമർപ്പിക്കാൻ ആശ്രിതർക്കു കഴിയണം. ഇതിനാവശ്യമായ തുടർ നടപടികൾക്ക് ബന്ധപ്പെട്ട ജില്ലാ കലക്ടറെയും റവന്യൂ അധികാരികളെയും ചുമതലപ്പെടുത്തും. ആശ്രിത കുടുംബത്തിൽ സർക്കാർ ജീവനക്കാരോ ആദായനികുതിദായകരോ ഇല്ലെന്ന് വില്ലേജ് ഓഫീസർ ഉറപ്പുവരുത്തണം. അപേക്ഷ തീർപ്പാക്കുന്നതിന് അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തുന്ന സ്ഥിതി ഉണ്ടാകരുത്.