കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അമ്പതിനായിരം രൂപ ധനസഹായം; നൽകേണ്ടത് സംസ്ഥാനം

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അമ്പതിനായിരം രൂപ വീതം നഷ്ടപരിഹാരം നൽകാമെന്ന് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മാർഗരേഖ സുപ്രീം കോടതിക്ക് കൈമാറി.

ഐസിഎംആറും കേന്ദ്ര ആരോഗ്യ മന്ത്രാലയവും പുറത്തിറക്കിയ മാർഗരേഖ പ്രകാരം കൊവിഡ് കാരണം മരണം എന്ന് രേഖപ്പെടുത്തിയ മരണങ്ങൾക്ക് മാത്രമേ സഹായം ലബിക്കൂ. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മരിച്ചവർക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. ഭാവിയിൽ ഉണ്ടായേക്കാവുന്ന കൊവിഡ് മരണങ്ങൾക്കും ഈ മാർഗരേഖ പ്രകാരം നഷ്ടപരിഹാരം നൽകും.

ദേശീയ ദുരന്തനിവാരണ നിയമപ്രകാരം ഇവർക്ക് സമ്പത്തിക സഹായത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക സഹായം നൽകുന്നതിനുള്ള മാർഗരേഖ ദേശീയ ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയത്.

സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് സഹായം നൽകുന്നതിനുള്ള തുക വിതരണം ചെയ്യേണ്ടത്. സംസ്ഥാന അതോറിറ്റി തയ്യാറാക്കിയ ഫോമിലാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പരിശോധിക്കും. മുപ്പത് ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്നും മാർഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്