“കൈവിട്ടുപോകുമെന്ന് കരുതിയതല്ല”; മാപ്പപേക്ഷയുമായി സെയ്തലവി

ഓണം ബംബറിലെ ആദ്യ വിജയി സെയ്തലവി, തന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റിന് മാപപേക്ഷയുമായി രംഗത്ത്. ലോട്ടറിയടിച്ചെന്ന വിവരം ഇത്രവലിയ പ്രശ്‌നമായി മാറുമെന്ന് അറിയുമായിരുന്നില്ലെന്നാണ് സെയ്തലവി വീഡിയോവിൽ പറഞ്ഞത്.

ഓണം ബംബർ അടിച്ചുവെന്നവകാശപ്പെട്ടു കൊണ്ടാണ് വയനാട് സ്വദേശിയായ സെയ്തലവി മാധ്യമങ്ങളിൽ നിറഞ്ഞത്. എന്നാൽ വൈകീട്ടോടെ യഥാർഥ വിജയിയെ കണ്ടെത്തിയതോടെ ഓണം ബംബറിനേക്കാൾ വലിയ ട്വിസ്റ്റായിരുന്നു സംഭവിച്ചത്. കൊച്ചി മരട് സ്വദേശിക്കാണ് ബംബറടിച്ചതെന്ന വിവരം പുറത്തുവരുന്നതുവരെ സെയ്തലവിയായിരുന്നു വാർത്താതാരം.

കൊച്ചി മരട് സ്വദേശിയായ ഓട്ടോ ഡ്രൈവറായ ജയപാലനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനാർഹമായ ടിക്കറ്റ് ജയപാലൻ എറണാകുളത്തെ ബാങ്കിൽ സമർപ്പിച്ചു. 12 കോടി രൂപയുടെ ഭാഗ്യക്കുറിയായിരുന്നു ജയപാലൻ നേടിയത്.

സുഹൃത്തു വഴി താനെടുത്ത ടിക്കറ്റിനാണ് ഓണം ബംബറെന്നായിരുന്നു പ്രവാസിയായ സെയ്തലവി ആദ്യം പറഞ്ഞിരുന്നത്. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സുഹൃത്ത് ഫോട്ടോ എടുത്ത് അയച്ചെന്നും അദ്ദേഹം പറയുകയുണ്ടായി.

എന്നാൽ തന്റെ സുഹൃത്തിനെ പറ്റിക്കാൻ വേണ്ടിയായിരുന്നു ബംബറടിച്ചെന്ന് അവകാശപ്പെട്ട് രംഗത്തു വന്നതെന്നും, സംഗതി ഇത്ര വലിയ പ്രശ്‌നമാകുമെന്ന് അറിയുമായിരുന്നില്ലെന്നുമാണ് ഒടുവിൽ സെയ്തലവി പറഞ്ഞത്. തെറ്റു പറ്റിയതിൽ എല്ലാവരോടും മാപ്പ് ചോദിക്കുന്നതായും സെയ്തലവി പറഞ്ഞു.