നിവാര്‍ ചുഴലിക്കാറ്റ്: നാല് മരണം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട്

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് കെടുതിയില്‍പ്പെട്ട് നാലുപേര്‍ മരിച്ചു. 18 ജില്ലകളില്‍ ആഞ്ഞുവീശിയ ചുഴലിക്കൊടുങ്കാറ്റില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് തമിഴ്‌നാട്ടിലുണ്ടായത്. രണ്ടായിരത്തോളം മരങ്ങള്‍ കടപുഴകി വീഴുകയും നിരവധി കന്നുകാലികള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. സംസ്ഥാനത്ത് വ്യാപകമായ തോതില്‍ കൃഷിനാശവുമുണ്ടായി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര, തമിഴ്‌നാട് സര്‍ക്കാരുകള്‍ ധനസഹായം പ്രഖ്യാപിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പളനിസ്വാമിയെ ഫോണില്‍ വിളിച്ച് വിലയിരുത്തി. തമിഴ്‌നാടിന് എല്ലാ പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതായി പളനിസ്വാമി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് കേന്ദ്രം പ്രഖ്യാപിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കുമായി തമിഴ്‌നാട്ടിലേക്ക് കേന്ദ്രസംഘത്തെ അയക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

മരണപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും കൂട്ടിച്ചേര്‍ത്തു. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ചെന്നൈ നഗരം ഉള്‍പ്പെടെ പലയിടത്തും രൂക്ഷമായ വെള്ളപ്പൊക്കമാണുണ്ടായത്. ചെന്നൈ, കടലൂര്‍, ചെങ്ങല്‍പേട്ട്, വെല്ലൂര്‍, നാഗപട്ടണം തുടങ്ങിയ നഗരങ്ങളിലായാണ് 2,064 മരങ്ങള്‍ കടപുഴകിയത്. 108 ഓളം വൈദ്യുതി ട്രാന്‍സ്‌ഫോമറുകള്‍ക്കും 2,927 വൈദ്യുത പോസ്റ്റുകള്‍ക്കും കേടുപാടുണ്ടായതായി പളനിസ്വാമി പ്രസ്താവനയില്‍ അറിയിച്ചു.