കരിപ്പൂര്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം നല്‍കും

കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചികിത്സ ചെലവ് സൗജന്യമായിരിക്കും. ചികിത്സയിൽ കഴിയുന്നവർക്ക് ഇഷ്ടമുള്ള സ്ഥലത്ത് ചികിത്സ തുടരാം. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി. ചികിത്സ സംബന്ധമായ എല്ലാ നടപടികളും സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.

ഗവർണ്ണർ ആരിഫ് മുഹമ്മദ്‌ ഖാനും സ്പീക്കർ പി ശ്രീരാമകൃഷ്‌ണനും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഡിജിപിയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

കരിപ്പൂരിലേത് അവിചാരിതമായ അപകടമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏഴ് സ്ത്രീകളും ഏഴ് പുരുഷന്‍മാരും നാല് കുട്ടികളും ഉള്‍പ്പെടെ 18 പേരാണ് മരിച്ചത്. 23 പേരുടെ സ്ഥിതി അതീവ ഗുരുതരമാണ്.

അപകടത്തില്‍ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റവര്‍ 16 ആശുപത്രികളിലായി ചികിത്സയിലാണെന്നും മന്ത്രി പറഞ്ഞു.

ആളുകളെ രക്ഷപ്പെടുത്തുന്നതിൽ അതിശയകരമായ പ്രവർത്തനം സാധാരണ നാട്ടുകാരും ഔദ്യോഗിക ഏജൻസികളും മികവ് കാണിച്ചു. രക്ഷാപ്രവർത്തനം ഇത്ര വേഗത്തിൽ നടന്നത് അപൂർവ്വമായിട്ടാണ്.നിരവധി പേരുടെ മികവുറ്റ പ്രവർത്തനമാണ്. എല്ലാവരെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.