കൽപ്പറ്റ:ഒരു ലക്ഷം രൂപയില്‍ താഴെയുള്ള സ്റ്റാമ്പുകള്‍ ഇ-സ്റ്റാമ്പിങിലൂടെ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ നാലു ജില്ലകളില്‍ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കായി നിര്‍മിച്ച കെട്ടിടങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനവും വയനാട് ഉള്‍പ്പെടെ രണ്ടു ജില്ലകളിലെ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനവും വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വയനാട് മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസിന്റെ കെട്ടിട നിര്‍മ്മാണ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്.
പൊതുജനങ്ങള്‍ക്ക് തടസ്സമില്ലാതെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ബി.എസ്.എന്‍.എല്ലിന്റെ ഒപ്റ്റിക് ഫൈബര്‍ കണക്ഷനുകള്‍ നല്‍കും. ആധാര രജിസ്‌ട്രേഷന്‍ നടപടികള്‍ ലളിതവും സുതാര്യവുമാക്കി രജിസ്‌ട്രേഷന്‍ ഓഫീസുകളെ കൂടുതല്‍ ജനസൗഹൃദമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കി ജില്ലയില്‍ രണ്ടിടത്തും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഓരോ ഓഫീസിനുമുള്ള കെട്ടിടങ്ങളാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. വയനാട്ടിലെ മാനന്തവാടി, തൃശൂരിലെ തൃപ്രയാര്‍ എന്നിവിടങ്ങളിലാണ് പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം ആരംഭിക്കുന്നത്. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കാലാനുസൃതമായ സൗകര്യങ്ങള്‍ ഈ ഓഫീസുകളില്‍ ഒരുക്കിയിട്ടുണ്ട്. പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങളിലും മികച്ച സൗകര്യങ്ങള്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആകെയുള്ള 315 സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ 107 എണ്ണം നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. 100 വര്‍ഷത്തിലേറെ പഴക്കമുള്ള 53 കെട്ടിടങ്ങളാണ് നിലവിലുള്ളത്. ഈ അവസ്ഥയ്ക്ക് മാറ്റംവരുത്താനുള്ള നടപടികളാണ് സര്‍ക്കാര്‍ തുടക്കംമുതല്‍ സ്വീകരിച്ചുപോരുന്നത്. 100 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങള്‍ പുതുക്കി പണിയുന്നതിനും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നവയ്ക്ക് സ്വന്തം കെട്ടിടം നിര്‍മിക്കുന്നതിനും ആദ്യ ബജറ്റില്‍തന്നെ, കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 100 കോടി രൂപ അനുവദിച്ചിരുന്നു. അതിന്റെ ഭാഗമായി 48 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കും മൂന്ന് രജിസ്‌ട്രേഷന്‍ കോംപ്ലക്‌സുകള്‍ക്കുമാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. അതില്‍ ഉള്‍പ്പെട്ട നാലു കെട്ടിടങ്ങളുടെ നിര്‍മാണമാണ് പൂര്‍ത്തിയാക്കിയത്.
മന്ത്രിമാരായ ജി. സുധാകരന്‍, എം.എം. മണി, എം.എല്‍.എമാരായ പുരുഷന്‍ കടലുണ്ടി, ഗീതാ ഗോപി, ഒ.ആര്‍. കേളു, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ. സിങ്ങ് തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് പങ്കെടുത്തു. പ്രാദേശിക കാര്യപരിപാടിയില്‍ഒ.ആര്‍ കേളു എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്,ജില്ലാ രജിസ്ട്രാര്‍ എ.ബി. സത്യന്‍., സബ് രജിസ്ട്രാര്‍ വിജെ. ജോണ്‍സണ്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
1865 ല്‍ പ്രവര്‍ത്തനം ആരംഭിച്ച മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസിനു കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. വകുപ്പിന് സ്വന്തമായുള്ള 47 സെന്റ് സ്ഥലത്ത് 365.25 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാണ് കെട്ടിടം പണിതുയര്‍ത്തുക. പുതിയ കെട്ടിടത്തിന് 1.22 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 12 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ പദ്ധതി.
ഒരു വര്‍ഷം ശരാശരി 4500 ആധാരങ്ങളുടെ രജിസ്‌ട്രേഷന്‍, 8500 കുടിക്കട സര്‍ട്ടിഫിക്കറ്റ്, 2500 ആധാരം പകര്‍പ്പ്, നൂറിലധികം കല്യാണ രജിസ്‌ട്രേഷനുകള്‍, ആയിരത്തിലധികം ഗഹാന്‍ ഫയലിങ്ങുകള്‍, ചിട്ടികളുടെ രജിസ്‌ട്രേഷന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പതിനായിരക്കണക്കിന് ആളുകളുടെ ജീവിതത്തിന്റെ ഭാഗമാണ് ഈ ഓഫീസ്. ഒരു വര്‍ഷം 7.5 കോടി രൂപ സര്‍ക്കാരിലേക്ക് ഓഫീസില്‍ നിന്ന് വരുമാനമായി ലഭിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം സ്റ്റാമ്പിനത്തില്‍ 5.34 കോടിയും ഫീസിനത്തില്‍ 2.11 കോടി രൂപയും ലഭിച്ചു.