വധഗൂഢാലോചന കേസന്വേഷണം സ്‌റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി; ദിലീപിന് തിരിച്ചടി

 

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചെന്ന കേസ് അന്വേഷണത്തിന് സ്‌റ്റേ ഇല്ല. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കേസിൽ വിശദമായ വാദം കേൾക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. 28ന് കേസ് വീണ്ടും പരിഗണിക്കും

വധഗൂഢാലോചന കേസിൽ തെളിവ് നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ് ഇന്നലെ കോടതിയിൽ അറിയിച്ചിരുന്നു. മൊബൈൽ ഫോണിലെ തെളിവുകൾ നശിപ്പിച്ചെന്നും ഡാറ്റ നീക്കം ചെയ്‌തെന്നുമുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ ആരോപണം കളവാണ്. ഫോറൻസിക് ലാബ് പരിശോധനയിൽ അത്തരത്തിൽ കണ്ടെത്തലില്ല. നടിയെ പീഡിപ്പിച്ച കേസിലെ വിവരങ്ങൾ കിട്ടാനാണ് ഈ കേസ് രജിസ്റ്റർ ചെയ്തതെന്നും ദിലീപ് ആരോപിച്ചിരുന്നു

എന്നാൽ കേസിൽ തെളിവുകൾ നശിപ്പിച്ചെന്ന ആരോപണമായിരുന്നു ക്രൈംബ്രാഞ്ച് കോടതിൽ തെളിയിക്കാൻ ശ്രമിച്ചത്. ഫോണിലെ ചില ചാറ്റുകൾ ഉൾപ്പെടെ നീക്കിയെന്ന് ദിലീപ് തന്നെ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണ് ഫോണുകളിൽ നിന്നും നീക്കം ചെയ്തത് എന്നായിരുന്നു ദിലീപിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ദിലീപ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തിരുന്നു.