പ്രതി ഉപാധി വെക്കുന്നത് കേട്ടുകേൾവി ഇല്ലാത്തത്, ദിലീപിന് മറ്റൊരാൾക്കുമില്ലാത്ത ആനുകൂല്യം: പ്രോസിക്യൂഷൻ

 

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. നാളെ ഉച്ചയ്ക്ക് 1.45ന് ഹർജി പരിഗണിക്കും. ദിലീപ് ഹാജരാക്കിയ ഫോണുകളുടെ കാര്യത്തിലും നാളെ തീരുമാനമെടുക്കും.

അതേസമയം ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ ആവർത്തിച്ചു. മുൻകൂർ ജാമ്യാപേക്ഷ തള്ളണം. ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. മറ്റൊരു പ്രതിക്കും കിട്ടാത്ത ആനുകൂല്യമാണ് ദിലീപിന് ലഭിക്കുന്നതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

കോടതിയിൽ സമർപ്പിച്ച ഫോണുകൾ ക്രൈംബ്രാഞ്ചിന് ഉടൻ കൈമാറണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഫോൺ തനിക്ക് ഇഷ്ടപ്പെട്ട സ്ഥലത്ത് പരിശോധിച്ച് തരാമെന്ന് പ്രതി പറയുന്നത് വിചിത്രമാണ്. കേസ് നടത്തിപ്പിന് പ്രതി ഉപാധികൾ തീരുമാനിക്കുന്ന അവസ്ഥ കേട്ടുകേൾവി ഇല്ലാത്തതാണെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.