അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ എല്ലാ ഫോണുകളും ഹാജരാക്കണമെന്ന് ദിലീപിനോട് ഹൈക്കോടതി. തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് മുമ്പായി ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർക്ക് മുന്നിൽ ഹാജരാക്കാനാണ് നിർദേശം. ദിലീപിന്റെ കടുത്ത എതിർപ്പ് തള്ളിയാണ് കോടതി ഇടപെടൽ
പ്രതികളെല്ലാം ഒറ്റയടിക്ക് ഫോൺ മാറ്റിയത് ഗൂഢാലോചനക്ക് തെളിവാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഫോണുകൾ റിക്കവർ ചെയ്യാൻ പ്രോസിക്യൂഷന് അവകാശമുണ്ടെന്ന് കോടതിയും സമ്മതിച്ചു. നാല് ഫോണുകൾ കൈമാറണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ ഫോണുകൾ കൈമാറണമെന്ന് ഉറപ്പായതോടെ തങ്ങളുടെ പക്കൽ മൂന്ന് ഫോണുകൾ മാത്രമേയുള്ളു എന്ന് ദിലീപ് പറഞ്ഞു. നാലാമത്തെ ഫോൺ ഏതാണെന്ന് അറിയില്ലെന്നും ദിലീപ് പറഞ്ഞു
ഫോണുകൾ ചൊവ്വാഴ്ച ഹാജരാക്കാമെന്നായിരുന്നു ദിലീപ് ഒടുവിൽ പറഞ്ഞത്. എന്നാൽ തിങ്കളാഴ്ച തന്നെ ഫോണുകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകി. ഫോണുകൾ മുംബൈയിലാണെന്നും അതിനാൽ ചൊവ്വാഴ്ച വരെ സമയം നൽകണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.
ദിലീപ് പറഞ്ഞ എല്ലാ വാദങ്ങളും തള്ളിയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. മൊബൈൽ ഫോണുകൾ സീൽഡ് കവറിൽ രജിസ്്ട്രാർക്ക് മുന്നിൽ ഹാജരാക്കാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.