നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, ബന്ധുക്കളായ സൂരജ്, അപ്പു, സുഹൃത്ത് ബൈജു ചെങ്ങമ്മനാട് എന്നിവരും മുൻകൂർ ജാമ്യഹർജികൾ നൽകിയിട്ടുണ്ട്.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആറ് പേർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ ചൊവ്വാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു. മുൻകൂർ ജാമ്യഹർജിയിൽ തീരുമാനമെടുക്കും മുമ്പ് ബാലചന്ദ്രകുമാർ നൽകിയ മൊഴി പരിശോധിക്കണമെന്ന് പറഞ്ഞാണ് കോടതി ഇന്നത്തേക്ക് മാറ്റിയത്.
അതേസമയം ദിലീപിന്റെ സുഹൃത്തായ ശരത്ത് നൽകിയ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഇന്നലെ ശരത്തിന്റെ വീട്ടിലും സഹോദരി ഭർത്താവ് സുരാജിന്റെ വീട്ടിലും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു.