ഓപറേഷൻ പി ഹണ്ട്: ഐടി പ്രൊഫഷണലുകൾ അടക്കം 10 പേർ അറസ്റ്റിൽ; 161 കേസ് രജിസ്റ്റർ ചെയ്തു

 

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിന്റെ ഭാഗമായുള്ള ഓപറേഷൻ പി ഹണ്ട് റെയ്ഡിൽ ഐടി പ്രൊഫഷണലുകളും ഉയർന്ന ഉദ്യോഗസ്ഥരുമടക്കം 10 പേർ അറസ്റ്റിൽ. ഞായറാഴ്ച രാവിലെ മുതൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 161 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ ജില്ലകളിലായി 410 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്

അഞ്ച് വയസ്സിനും പതിനാറ് വയസ്സിനും ഇടയിൽ പ്രായമുള്ള കേരളത്തിലെ കുട്ടികളുടെ നഗ്ന ചിത്രങ്ങളടക്കം പ്രചരിപ്പിച്ചതായി പോലീസ് കണ്ടെത്തി. മൊബൈൽ ഫോൺ, ലാപ് ടോപ്പുകൾ അടക്കം 186 ഉപകരണങ്ങൾ അന്വേഷണ സംഘം പിടിച്ചെടുത്തു.

കൊല്ലത്ത് 16 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. ഒമ്പത് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. കോട്ടയത്ത് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. 17 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. എറണാകുളത്ത് 18 മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. കണ്ണൂരിൽ 23 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.