തിരുവനന്തപുരം: കെപിസിസി പുനസംഘടന സംബന്ധിച്ച അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിക്കാനായി ഡല്‍ഹിയിലെത്തിയ ഉമ്മന്‍ ചാണ്ടിക്ക് പിറകെ രമേശ് ചെന്നിത്തലയും ഡല്‍ഹിക്ക്. ഡല്‍ഹിയില്‍ എത്തിയ ഉമ്മന്‍ ചാണ്ടി ബുധനാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. അടുത്ത ദിവസം തന്നെ രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡില്‍ അതൃപ്തി അറിയിക്കാന്‍ ഡല്‍ഹിക്ക് പോകുമെന്നാണ് സൂചന.
നേതൃത്വം ഏകപക്ഷീയമായി പുനസംഘടന നടത്തുകയാണെന്നാണ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും നിലപാട്. പുനസംഘടനയില്‍ ഉമ്മന്‍ ചാണ്ടി അതൃപ്തി അറിയിച്ചുവെന്ന കാര്യം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കെപിസിസി നേതൃത്വവുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഉമ്മന്‍ ചാണ്ടിയുടെ ഡല്‍ഹി യാത്രയെക്കുറിച്ച് പ്രതികരിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തയാറായില്ല. ഹൈക്കമാന്‍ഡ് അനുമതിയോടെയാണ് പുനസംഘടന നടക്കുന്നതെന്നും ഇതുവരെയുള്ള നടപടികളൊന്നും കേന്ദ്ര നേതൃത്വം മരവിപ്പിച്ചിട്ടില്ലെന്നുമാണ് വി ഡി സതീശന്‍രെ നിലപാട്