മഴ മുന്നറിയിപ്പുകളിൽ മാറ്റം: സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

 

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വയനാട്, കണ്ണൂർ ജില്ലകളിൽ കൂടി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് പ്രഖ്യാപിച്ച യെല്ലോ അലർട്ട് പിൻവലിക്കുകയും ചെയ്തു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് നിലവിലുള്ളത്.

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നുണ്ട്. അറബിക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നുണ്ടെങ്കിലും കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണ് അറിയുന്നത്. തുലാവർഷം പകുതി പിന്നിടുമ്പോൾ സംസ്ഥാനത്ത് പെയ്ത മഴ റെക്കോർഡ് മറികടന്നു.

അറബിക്കടലിൽ കർണാടക തീരത്തോട് ചേർന്നാണ് ന്യൂനമർദം രൂപപ്പെട്ടത്. അടുത്ത 48 മണിക്കൂറിൽ ശക്തിപ്രാപിക്കും. കേരളത്തിൽ നിന്ന് അകന്നുപോകുന്നതിനാൽ കനത്ത മഴ ഭീഷണിയില്ല. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അധികം ശക്തിപ്രാപിക്കാതെ ആന്ധ്ര തീരം തൊടുമെന്നാണ് വിലയിരുത്തൽ.

നവംബർ 15 വരെ കേരളത്തിൽ 833.8 മില്ലിമീറ്റർ മഴയാണ് പെയ്തത്. ഇതിന് മുമ്പ് 800 മില്ലി മീറ്ററിൽ കൂടുതൽ തുലാവർഷ മഴ കിട്ടിയത് രണ്ട് തവണ മാത്രമാണ്. 1977 ലും 2010ലും. 2010ൽ 823 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്.