ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ പത്തനംതിട്ടയിലെ പാർട്ടി കമ്മിറ്റികളിൽ വിമർശനമുയർന്നുവെന്ന പേരിൽ ചില മാധ്യമങ്ങൾ നടത്തുന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. മീഡിയ വൺ, മാധ്യമം, മംഗളം ദിനപത്രം എന്നിവയിലൂടെയാണ് തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത്. ഒരേ കേന്ദ്രത്തിൽ നിന്നും പ്രചരിപ്പിക്കുന്നതാണെന്ന് വ്യക്തമാകുന്നുന്നുണ്ട്
ഇത് ആസൂത്രിതവും വീണ ജോർജിനെ അപകീർത്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. സത്യവുമായി ഒരു ബന്ധവുമില്ലാത്ത ഇത്തരം വാർത്തകൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും വീണ ജോർജിനെതിരെ ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. അത്തരം പ്രചാരവേലയെ പരാജയപ്പെടുത്തിയാണ് മകിച്ച ഭൂരിപക്ഷത്തോടെ ആറൻമുളയിലെ ജനങ്ങൾ സഖാവ് വീണ ജോർജിനെ തെരഞ്ഞെടുത്തത്.
എന്നിട്ടും ഇത്തരം നുണ പ്രചാരണങ്ങളുമായി ചിലർ മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ തെറ്റായ വാർത്തകൾ നൽകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. മാധ്യമം ദിനപത്രം, മീഡിയവൺ ചാനൽ, മീഡിയ വൺ ഓൺലൈൻ, മംഗളം ദിനപത്രം എന്നീ മാധ്യമങ്ങൾക്കെതിരെ ഉടൻ നിയമനടപടി സ്വീകരിക്കുമെന്നും സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു.