മുൻ സഹപ്രവർത്തകയായ മാധ്യമപ്രവർത്തകയെ സ്റ്റാഫിൽ ഉൾപ്പെടുത്താനുള്ള ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നീക്കം സിപിഎം നേതൃത്വം തടഞ്ഞു. ആർ എം പി ബന്ധമുള്ള ഈ മാധ്യമപ്രവർത്തകയ്‌ക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി. ഇവരെ പി ആർ ഒ ആക്കാനായിരുന്നു ആരോഗ്യമന്ത്രിയുടെ നീക്കം
തെരഞ്ഞെടുപ്പ് സമയത്ത് ഇവർ വീണ ജോർജിന് പി ആർ സഹായങ്ങൾ നൽകാനായി ഒപ്പമുണ്ടായിരുന്നു. എന്നാൽ പാർട്ടി തീരുമാനിക്കുന്നതിന് മുമ്പേ സ്വന്തം നിലയ്ക്ക് ഇവരെ സ്റ്റാഫിൽ ഉൾപ്പെടുത്താനുള്ള നീക്കം സിപിഎം തടയുകയായിരുന്നു. കോഴിക്കോട് ജില്ലയിൽ ആർ എം പിയമായി അടുത്ത ബന്ധമാണ് ഇവർ പുലർത്തുന്നത്.
സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ എതിർപ്പ് കൂടി കണക്കിലെടുത്താണ് പാർട്ടിയുടെ തീരുമാനം. നിലവിൽ പാചകക്കാരനെയും ഒരു ഡ്രൈവറെയും മാത്രമാണ് മന്ത്രിമാർക്ക് സ്വന്തം നിലയിൽ നിയമിക്കാൻ അനുമതിയുള്ളത്.