കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് ഒരു സംഘമാളുകൾ ഇന്നലെ രാത്രി വീട്ടിലെത്തി തട്ടിക്കൊണ്ടുപോയത്. സംഘത്തിൽ അഞ്ച് പേരുണ്ടെന്ന് വീട്ടുകാർ പറയുന്നു.
സ്വർണക്കടത്ത് സംഘത്തിലെ തർക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സംശയിക്കുന്നു. ഹനീഫ ഏതെങ്കിലും സ്വർണക്കടത്ത് സംഘത്തിന്റെ ക്യാരിയറായി പ്രവർത്തിച്ചിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ മാസം ഊരള്ളൂർ സ്വദേശി അഷ്‌റഫ് എന്നയാളെ സ്വർണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് തട്ടിക്കൊണ്ടുപോയിരുന്നു. ഈ കേസിൽ ഇതുവരെ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തിട്ടുമില്ല.