തൃശ്ശൂർ ജില്ലയിലെ കയ്പമംഗലത്തുള്ള ഗോൾഡ് ഹാർട്ട് ജ്വല്ലറി കവർച്ചാ കേസിൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ്. ജ്വല്ലറി ഉടമയെയും ജീവനക്കാരനെയും ചോദ്യം ചെയ്തതിൽ നിന്നാണ് ഈ വിവരം ലഭിച്ചത്. മൂന്ന് കിലോയിലധികം സ്വർണം നഷ്ടപ്പെട്ടുവെന്നാണ് ഇവർ ആദ്യം പറഞ്ഞിരുന്നത്.
അന്വേഷണത്തിൽ ജ്വല്ലറിയിൽ സ്വർണമുണ്ടായിരുന്നില്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ജ്വല്ലറിയുടെ ഭിത്തി തുരന്ന് ആളുകൾ അകത്തു കടന്നിട്ടുണ്ട്. പക്ഷേ ഉടമ പറയുംപോലെ ഭൂമിക്കടിയിലെ രഹസ്യ അറ തുറന്നിട്ടില്ലെന്നും അതിൽ സ്വർണം സൂക്ഷിച്ചിരുന്നില്ലെന്നും പോലീസ് കണ്ടെത്തി.
കടയിലെ കൗണ്ടറിൽ മേശപ്പുറത്തുണ്ടായിരുന്ന ആഭരണങ്ങൾ സ്വർണമായിരുന്നില്ല. ആറ് കിലോ സ്വർണം സ്റ്റോക്കുണ്ടെന്ന് കാണിച്ച് ഉടമ ബാങ്കിൽ നിന്ന് വായ്പ എടുത്തിരുന്നു. ഇതിന് ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ തുക തട്ടാനുള്ള ശ്രമമാണോ പരാതിക്ക് പിന്നിലെന്നും പോലീസ് പരിശോധിക്കുന്നുണ്ട്