തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ രണ്ട് പേർ കൂടി പിടിയിൽ. മഞ്ചേരി സ്വദേശി അൻവർ, വേങ്ങര സ്വദേശി സെയ്ദ് അലി എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. സ്വർണം വാങ്ങാൻ റമീസിന് പണം നൽകിയ വ്യക്തികളാണ് പിടിയിലായത്.
കേസിൽ കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി സമജുവിന് പങ്കുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തി. ഇയാളെ പ്രാഥമിക ചോദ്യം ചെയ്യലിനായി കൊച്ചിയിൽ എത്തിച്ചു. തുടർന്ന് കോടതിയിൽ ഹാജരാക്കും. ഹൈദരാബാദിലേക്കുള്ള സ്വർണ നീക്കത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്.
പ്രതികൾ കടത്തിക്കൊണ്ടുവന്ന സ്വർണം വാങ്ങിയ മലപ്പുറത്തെ ജ്വല്ലറി ഉടമയും കസ്റ്റഡിയിലാണ്. മലപ്പുറത്തെ എസ് എസ് ജ്വല്ലറി ഉടമയെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സ്വർണക്കടത്തിനായി സമാഹരിച്ചത് എട്ട് കോടി രൂപയാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
റമീസ്, ജലാൽ, ഹംജത് അലി, സന്ദീപ് എന്നിവരാണ് പണം സമാഹരിച്ചത്. ഇതിൽ ജലാലാണ് ജ്വല്ലറികളുമായി ചേർന്ന് കരാറുണ്ടാക്കിയത്. സ്വർണക്കടത്തിനായി സ്വപ്‌നക്കും സരിത്തിനും കമ്മീഷനായി ലഭിച്ചത് ഏഴ് ലക്ഷം രൂപയാണെന്നും റിപ്പോർട്ടുകളുണ്ട്