കാഴ്ചയില്ലാതെ റോഡിൽ ഒറ്റപ്പെട്ടുപോയ വൃദ്ധനെ ബസിൽ കയറ്റി വിടുന്ന യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. സോഷ്യൽ മീഡിയ തന്നെ ഒടുവിൽ ഈ യുവതിയെ കണ്ടെത്തുകയും ചെയ്തു. തിരുവല്ല ജോളി സിൽക്‌സിലെ ജീവനക്കാരി സുപ്രിയ ആയിരുന്നു നന്മ വറ്റാത്ത മനസ്സിന്റെ ഉടമ.
വിവരമറിഞ്ഞതിന് പിന്നാലെ ജോളി സിൽക്‌സിന്റെ ഉടമ കൂടിയായ ജോയ് ആലുക്കാസ് സുപ്രിയയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. തൃശ്ശൂരിലെ ജോളി സിൽക്‌സിന്റെ ഹെഡ് ഓഫീസിലേക്ക് വിളിച്ചാണ് ജോയ് ആലുക്കാസും കുടുംബവും സുപ്രിയയെ അഭിനന്ദിച്ചത്. സുപ്രിയക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് കൂടിയുണ്ടെന്ന് ജോയ് ആലുക്കാസ് അന്ന് പറയുകയും ചെയ്തു
പിന്നാലെയാണ് സുപ്രിയക്ക് ഒരു വീട് വെച്ച് നൽകുമെന്ന് ജോയ് ആലുക്കാസ് അറിയിച്ചത്. ജീവിതത്തിൽ ഏറ്റവുമാഗ്രഹിച്ച സമ്മാനം തന്നെ ലഭിച്ചതോടെ സുപ്രിയക്കും അളവില്ലാത്ത സന്തോഷം.
സമൂഹമാധ്യമത്തിൽ വിഡിയോ വൈറലായതിനെത്തുടർന്ന് ഒരുപാട് പേർ നല്ല വാക്കുകൾ പറഞ്ഞു. എന്നാൽ സാറിന്റെ അഭിനന്ദനം ഒരിക്കലും മറക്കാനാകില്ല. തൃശൂർ ഹെഡ്ഓഫീസിൽവച്ചായിരുന്നു കൂടിക്കാഴ്ച. മനസിലെ നന്മ കൈവിടരുതെന്നാണ് സാർ അന്ന് പറഞ്ഞത്. എനിക്കൊരു സർപ്രൈസ് സമ്മാനമുണ്ടെന്ന് പറഞ്ഞപ്പോൾ ഞങ്ങളുടെ സ്വപ്നമായ നല്ല ഒരു വീടായിരിക്കുമെന്ന് കരുതിയില്ല. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിനങ്ങളാണ് കടന്നുപോയത്. സുപ്രിയ പറയുന്നു.