കുറച്ചുകൂടി കരുതൽ എടുക്കണമായിരുന്നു; പിടിച്ചെടുത്ത പണം നിയമപരമായതെന്ന് കെ എം ഷാജി

 

വീട്ടിൽ നിന്നും പിടിച്ചെടുത്ത അരക്കോടിയോളം വരുന്ന പണം നിയമപരമായ പണമെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഒരാഴ്ച സമയം വേണമെന്നും മുസ്ലിം ലീഗ് നേതാവ് പറഞ്ഞു. വിജിലൻസിന്റെ ചോദ്യം ചെയ്യലിന് ശേഷം പ്രതികരിക്കുകയായിരുന്നു കെ എം ഷാജി

തെരഞ്ഞെടുപ്പിനായി പിരിച്ചെടുത്ത പണമാണ് വീട്ടിൽ നിന്ന് പിടിച്ചത്. ഇതിന് കൗണ്ടർ ഫോയിലുണ്ട്. ഇതുൾപ്പെടെയുള്ള രേഖകൾ വരും ദിവസങ്ങളിൽ ഹാജരാക്കും. കൂടാതെ രേഖകൾ ഒരാഴ്ചക്കുള്ളിൽ ഹാജരാക്കാൻ വിജിലൻസും ആവശ്യപ്പെട്ടിട്ടുണ്ട്.

എംഎൽഎ ആയതിന് ശേഷം രണ്ട് സ്ഥലം ഇടപാടാണ് നടത്തിയിട്ടുള്ളത്. കണ്ണൂരിൽ വീടിരിക്കുന്ന 10 സെന്റ് ഭൂമിയും രണ്ട് ഏക്കർ വയലും മാത്രമാണ് എംഎൽഎ ആയതിന് ശേഷം വാങ്ങിയത്. വീട്ടിൽ കട്ടിലിന്റെ അടിയിൽ നിന്നാണ് പണം എടുത്തത്. അതിനാൽ ഇത് നിയമപരമാണ്. ഒളിച്ചുവെക്കേണ്ട കാര്യമില്ലെന്നും ലീഗ് നേതാവ് പറഞ്ഞു

രാഷ്ട്രീയമായ നീക്കമാണ് തനിക്കെതിരെ നടക്കുന്നത്. പണം നേരത്തെ ബാങ്കിൽ കൊണ്ടുപോയി ഇടണമായിരുന്നു. കുറച്ചുകൂടി കരുതൽ എടുക്കാമായിരുന്നു എന്ന തോന്നൽ ഇപ്പോഴുണ്ടെന്നും ഷാജി പറഞ്ഞു.