ഡോളർ കടത്ത് കേസിൽ സംസ്ഥാന പ്രോട്ടോകോൾ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യും. പ്രോട്ടോകോൾ ഓഫീസർ ഷൈൻ എ ഹക്കിനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുക. ഷൈൻ എ ഹക്കിനോട് ഈ മാസം 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് നൽകി. നോട്ടിസ് കൈപ്പറ്റിയെന്നാണ് വിവരം.
പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. നയതന്ത്ര പ്രതിനിധികൾ അല്ലാത്തവർക്ക് പ്രോട്ടോകോൾ ഓഫീസർ തിരിച്ചറിയൽ കാർഡ് നൽകിയെന്നാണ് കണ്ടെത്തൽ. നേരത്തെ അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസർ ഹരികൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.