അന്തരിച്ച മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. പാലക്കാട് കുമാരനെല്ലൂർ ഗ്രാമത്തിലെ ദേവായനം വസതിയിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്.
ഇന്ന് രാവിലെ എട്ട് മണിയോടെ തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മൂത്രാശയ രോഗത്തെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ ആരോഗ്യ നില വഷളാകുകയും ഇന്ന് മരണം സംഭവിക്കുകയുമായിരുന്നു
നേരത്തെ സാഹിത്യ അക്കാദമിയിൽ എത്തിച്ച ഭൗതിക ശരീരം ഒരു മണിക്കൂറിലേറെ പൊതുദർശനത്തിന് വെച്ചു. സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്തി.