യുപിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച യുവതിയുടെ മൃതദേഹം പോലീസ് സംസ്‌കരിച്ചു; ബന്ധുക്കൾക്ക് വിട്ടുനൽകിയില്ലെന്ന് പരാതി

ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു. ബന്ധുക്കളുടെ എതിർപ്പ് വകവെക്കാതെ പോലീസ് ബലം പ്രയോഗിച്ച് മൃതദേഹം സംസ്‌കരിക്കാൻ കൊണ്ടുപോകുകയായിരുന്നു. എന്നാൽ കുടുംബത്തിന്റെ സമ്മതത്തോടെയാണ് സംസ്‌കാരം നടന്നതെന്ന് പോലീസ് അവകാശപ്പെട്ടു

 

ഇന്നലെ രാവിലെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കൊണ്ടുപോയത്. ഇതിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറിയിട്ടില്ലെന്ന് യുവതിയുടെ സഹോദരൻ ആരോപിച്ചിരുന്നു. തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്നും സഹോദരൻ ആരോപിച്ചിരുന്നു

മൃതദേഹവുമായി ഡൽഹി നഗരത്തിൽ പ്രതിഷേധം നടത്താനുള്ള നീക്കം മുന്നിൽകണ്ടാണ് പോലീസ് മൃതദേഹം ബലം പ്രയോഗിച്ച് കൊണ്ടുപോയതെന്നാണ് സൂചന. പെൺകുട്ടിയുടെ മരണത്തിൽ ഡൽഹിയിൽ ഉൾപ്പെടെ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്.