ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിക്കു രാജ്യം വിട നല്‍കി. ഉച്ചയ്ക്ക് രണ്ടോടെ ലോധി റോഡിലെ ശ്മശാനത്തിലാണ് പ്രണബിന്റെ ഭൗതികശരീരം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചത്.മകന്‍ അഭിജിത്ത് മുഖര്‍ജിയാണ് അന്ത്യകര്‍മങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ചത്. കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ഗണ്‍ ക്യാരിയേജ് സംവിധാനത്തിനു പകരം വാനിലാണ് മൃതദേഹം എത്തിച്ചത്. കൊവിഡ് സംബന്ധിച്ച കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചതായി പ്രതിരോധമന്ത്രാലയം അറിയിച്ചു.
കൊവിഡ് ഉള്‍പ്പെടെയുള്ള രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന പ്രണബ് മുഖര്‍ജി തിങ്കളാഴ്ച വൈകീട്ട് 5.30ഓടെയാണ് അന്തരിച്ചത്. ചൊവ്വാഴ്ച രാവിലെ മുതല്‍ ഉച്ചവരെ രാജാജി മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു തുടങ്ങിയവര്‍ രാജാജി മാര്‍ഗിലെ വസതിയിലെത്തി അന്തിമോപാചാരം അര്‍പ്പിച്ചു. പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ ആഗസ്ത് 31 മുതല്‍ സപ്തംബര്‍ ആറുവരെ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക ദുഖാചരണം ആചരിക്കുകയാണ്.