കോൺഗ്രസിൽ നിന്ന് രാജിവെച്ച് സിപിഎമ്മിൽ ചേർന്ന കെ പി അനിൽകുമാറിന് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ സ്വീകരണം നൽകി. ഇന്നലെയാണ് അനിൽകുമാർ സിപിഎമ്മിൽ ചേർന്നത്. ചുവന്ന ഷാൾ അണിയിച്ചാണ് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ കെ പി അനിൽകുമാറിനെ സ്വീകരിച്ചത്
രാവിലെ ട്രെയിനിൽ തിരുവനന്തപുരത്ത് നിന്നെത്തിയ അനിൽകുമാറിന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ ഗംഭീര സ്വീകരണം ഒരുക്കിയിരുന്നു. അനിൽകുമാറിന്റെ വരവ് രാഷ്ട്രീയമായി തന്നെ ഉപയോഗിക്കാനാണ് സിപിഎം തീരുമാനം. അനിൽകുമാറിന്റെ വരവോടെ കൂടുതൽ പേർ കോൺഗ്രസ് വിടുമെന്നും പാർട്ടി വിലയിരുത്തുന്നു.
മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിൽ സിപിഎമ്മിനോട് യോജിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് അനിൽകുമാർ പറഞ്ഞത്. എ വി ഗോപിനാഥിനും പി എസ് പ്രശാന്തിനും ശേഷം കോൺഗ്രസ് വിടുന്ന മൂന്നാമത്തെ പ്രമുഖ നേതാവാണ് അനിൽകുമാർ .