കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിൽ തന്റെ കൈകൾ ശുദ്ധമാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. എന്നാൽ മുൻ ടൂറിസം മന്ത്രി അനിൽകുമാറിന് ഇതിൽ പങ്കുണ്ടെന്ന് അബ്ദുള്ളക്കുട്ടി ആരോപിച്ചു. വീട്ടിലെത്തി വിജിലൻസ് സംഘം മൊഴിയെടുത്തതിന് ശേഷം പ്രതികരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി.
അനിൽകുമാറും ഡിടിപിസിയും ഏൽപ്പിച്ച കരാർ സംഘം കേരളത്തിലെ ടൂറിസം മേഖലയിൽ നടത്തിയ ഏറ്റവും വലിയ കൊള്ളയാണ്. വിജിലൻസ് ഉദ്യോഗസ്ഥർ അന്വേഷണത്തിന് വന്നപ്പോഴാണ് അഴിമതിയിലെ സ്തയാവസ്ഥ മനസ്സിലായത്. എംഎൽഎ എന്ന നിലയിലാണ് ലൈറ്റ് ആൻഡ് സൗണ്ട് ഷോ കൊണ്ടുവരാനുള്ള പദ്ധതി മുന്നോട്ടുവെച്ചത്.
നിർദേശം സമർപ്പിക്കുകയാണ് എംഎൽഎ എന്ന നിലയിൽ ചെയ്തത്. മറ്റ് കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് വകുപ്പുകളും മന്ത്രിതലത്തിലുമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. 2016ൽ യുഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തിരക്കുപിടിച്ചാണ് ഈ പദ്ധതി നടത്തിയിരുന്നത്.