ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മുസ്ലിം ലീഗ് നേതാവ് എം സി കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നു. കമറുദ്ദീന്റെ പടന്നയിലെ വീട്ടിലും പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലുമാണ് പരിശോധന. ഇരുവരുടെയും സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. ആകെ ഒമ്പത് ഇടങ്ങളിലാണ് റെയ്ഡ്
ഫാഷൻ ഗോൾഡിന്റെ പേരിൽ ലീഗ് നേതാക്കൾ ആകെ 800 പേരിൽ നിന്നായി 150 കോടിയോളം രൂപയാണ് സമാഹരിച്ചത്. വ്യാജ സർട്ടിഫിക്കറ്റാണ് നിക്ഷേപകർക്ക് നൽകിയത്. നിക്ഷേപകരെ കബളിപ്പിക്കാനായി ലീഗ് നേതാവ് കമറുദ്ദീനും പൂക്കോയ തങ്ങളും ചേർന്ന് അഞ്ച് കമ്പനികൾ രജിസ്റ്റർ ചെയ്തു.
ഒരേ മേൽവിലാസത്തിലാണ് കമ്പനികൾ രജിസ്റ്റർ ചെയ്തിരുന്നതെങ്കിലും ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്ന സ്ഥാപനമല്ലാതെ മറ്റൊന്നും ഇവിടെയുണ്ടായിരുന്നില്ല. പാർട്ടി നേതാക്കളെന്ന പേരിലാണ് ലീഗ് അണികളെ ഇവർ കെണിയിൽ വീഴ്ത്തിയത്. ലീഗ് നേതാക്കളുടെ സമ്മർദത്തെ തുടർന്ന് ആദ്യമാരും പരാതി നൽകാൻ തയ്യാറായിരുന്നില്ല. എന്നാൽ നേതാക്കളും പാലം വലിച്ചതോടെയാണ് നിക്ഷേപകർ പരാതി നൽകിയത്.