തൃശ്ശൂർ ജില്ലയിൽ നടക്കുന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഗുണ്ടാ കേന്ദ്രങ്ങളിൽ പോലീസിന്റെ വ്യാപക റെയ്ഡ്. ഓപറേഷൻ റേഞ്ചർ എന്ന പേരിലാണ് റെയ്ഡ് നടന്നത്. നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തോക്കുകൾ ഉൾപ്പെടെ നിരവധി ആയുധങ്ങളും പിടിച്ചെടുത്തു
തൃശ്ശൂർ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. കൊടും കുറ്റവാളികൾ, മുൻ കുറ്റവാളികൾ, ഗുണ്ടാസംഘങ്ങൾ എന്നിങ്ങനെ തരംതിരിച്ചാണ് വീടുകളിലും ഒളിത്താവളങ്ങളിലും റെയ്ഡ് നടത്തിയത്.
കഞ്ചാവ് ശേഖരവും മയക്കുമരുന്നിന് ഉപയോഗിക്കാനുള്ള സിറിഞ്ചിന്റെ ശേഖരവും ഗുണ്ടാ സംഘങ്ങളിൽ നിന്ന് പിടിച്ചെടുത്തു. നിലമ്പൂരിൽ നിന്ന് മൂന്ന് വടിവാളുകളും ഒരു ഇരട്ട കുഴൽ തോക്കും പിടിച്ചെടുത്തു. പാലക്കാട് 140 ഇടങ്ങളിൽ പരിശോധന നടന്നു.
അക്രമി സംഘങ്ങളെ അടിച്ചമർത്തുമെന്ന് ഡിഐജി പറഞ്ഞു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും റെയ്ഡിന് ഒപ്പമുണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരും