രാജ്യത്താദ്യമായി ചെറുകുടല്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

തിരുവനന്തപുരം: വേദനനിറഞ്ഞ കാലം കഴിഞ്ഞുപോയി. സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി ചൊരിഞ്ഞുനല്‍കിയ പുതിയ ജീവിതവുമായി ദീപികമോള്‍ ആശുപത്രി വിട്ടു. ആലത്തൂര്‍ ഇരട്ടക്കുളം കണ്ണാര്‍കുളമ്പ് മണ്ണയംകാട് ഹൗസില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ ദീപിക മോള്‍ (34) കഴിഞ്ഞ ഒരുവര്‍ഷമായി അക്ഷരാര്‍ഥത്തില്‍ വേദന തിന്നു ജീവിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം ആഗസ്ത് മുതലാണ് രോഗത്തിന്റെ തുടക്കം. പെട്ടെന്നുണ്ടായ ഛര്‍ദിയും വയറിളക്കവുമാണ് രോഗലക്ഷണം. പാലക്കാട്ടെ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുടലുകള്‍ ഒട്ടിച്ചേര്‍ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

വിദഗ്ധചികില്‍സയ്ക്ക് കൊച്ചിയിലെ പ്രമുഖ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. അവിടെ നടന്ന ശസ്ത്രക്രിയയില്‍ ചെറുകുടല്‍ മുറിച്ചുമാറ്റി. എന്നാലും ഛര്‍ദിയും വയറിളക്കവും തുടര്‍ന്നു. ഇതോടെയാണ് ചെറുകുടല്‍ മാറ്റി വയ്ക്കുകയാണ് പോംവഴിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്. മൃതസഞ്ജീവനിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശിച്ചു. പ്രതീക്ഷ കൈവിടാതെ ദീപികയും കുടുംബവും മൃതസഞ്ജീവനിയില്‍ പൂര്‍ണമായി വിശ്വസിച്ച് നടപടികളുമായി മുന്നോട്ടുപോയി. 2020 ജൂലായ് മാസത്തില്‍ ചെറുകുടല്‍ കിട്ടിയിട്ടുണ്ട്, ഉടന്‍ ചികില്‍സയ്‌ക്കെത്തണമെന്ന നിര്‍ദേശം ആശുപത്രിയില്‍നിന്നെത്തി.

മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് ഹൃദയമുള്‍പ്പെടെ ദാനംചെയ്ത കൊല്ലം സ്വദേശിയായ യുവാവിന്റെ അവയവങ്ങള്‍ക്കൊപ്പം ചെറുകുടലും ഹെലികോപ്ടറില്‍ കൊച്ചിയിലെത്തിച്ചു. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രി കെ കെ ശൈലജയുടെയും ഓഫിസ് നടത്തിയ ഇടപെടലാണ് യഥാസമയം ശസ്ത്രക്രിയ നടത്താന്‍ കാരണമായത്. മൃതസഞ്ജീവനി സംസ്ഥാന നോഡല്‍ ഓഫിസര്‍ ഡോ.നോബിള്‍ ഗ്രേഷ്യസ് ഉള്‍പ്പെടെയുള്ളവര്‍ വിശ്രമമില്ലാതെ നടത്തിയ ഏകോപനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരു രാത്രി മുഴുവന്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ ചെറുകുടല്‍ ദീപിക മോള്‍ക്ക് വച്ചുപിടിപ്പിക്കുകയായിരുന്നു. രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചെറുകുടല്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നിട്ടുണ്ടെങ്കിലും വിജയത്തിലെത്തുന്നത് ആദ്യത്തെ സംഭവമാണെന്ന് മൃതസഞ്ജീവനി അധികൃതര്‍ അറിയിച്ചു. തനിയ്ക്ക് പുതുജീവിതം ലഭിക്കാന്‍ കാരണക്കാരായ സംസ്ഥാന സര്‍ക്കാരിനും ആരോഗ്യമന്ത്രിയ്ക്കും മൃതസഞ്ജീവനിയ്ക്കും ആശുപത്രി അധികൃതര്‍ക്കും നന്ദിയറിയിച്ച് ദീപിക ശനിയാഴ്ച ആശുപത്രി വിട്ടു. തുടര്‍ചികില്‍സയ്ക്കായി ആശുപത്രിയ്ക്കു സമീപമുള്ള വാടകവീട്ടിലേയ്ക്കാണ് പോയത്. അഭിഷേക്, അനുശ്രീ എന്നിവര്‍ മക്കളാണ്.