ആരോഗ്യവകുപ്പിന് അഭിമാനനേട്ടമായി വയനാട്ടിൽ പ്ലാസ്മ തെറാപ്പി വിജയം കണ്ടു ;തെറാപ്പി ചികിത്സയിലൂടെ രോഗമുക്തരായവർക്ക് കലക്ടറുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി

കൽപ്പറ്റ: ആരോഗ്യവകുപ്പിന് അഭിമാനനേട്ടമായി ജില്ലയിൽ പ്ലാസ്മ തെറാപ്പി വിജയം കണ്ടു. കോവിഡ് രോഗ ബാധിതരായി കഴിഞ്ഞ മാസം 18 ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച 2 പേർ പ്ലാസ്മ തെറാപ്പി ചികിത്സയിലൂടെ രോഗമുക്തരായി. തൊണ്ടർനാട് സ്വദേശി ജിനീഷ് യു (30) ,സഹോദരൻ അനീഷ് (33) എന്നിവരാണ് രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങിയത്. ജില്ലാ കലക്ടർ അദീല അബ്ദുള്ള പൂച്ചെണ്ടുകൾ നൽകി ഇരുവരെയും യാത്രയയച്ചു.

ചികിത്സയിലെ വിജയം ആരോഗ്യ വകുപ്പിൻ്റെ പൊൻ തൂവലെന്ന് ജില്ലാ കലക്ടർ പറഞ്ഞു. മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലാണ് കഴിഞ്ഞ മാസം പ്ലാസ്മ ബാങ്ക് തുടങ്ങിയത്. സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാ ആശുപത്രിയിൽ പ്ലാസ്മ ബാങ്ക്, പ്ലാസ്മ തെറാപ്പി ആരംഭിച്ചത്.

ഇതുവരെ 15 പേരുടെ പ്ലാസ്മ എടുത്തതിൽ കൊവിഡ് രോഗികളായ മൂന്ന് പേർക്ക് പ്ലാസ്മ തെറാപ്പി നൽകിക്കഴിഞ്ഞു. ഇതിൽ രോഗമുക്തി നേടിയ 2 പേരാണ് ഇന്ന് ആശുപത്രി വിട്ടത്. യാത്രയയപ്പ് ചടങ്ങിൽ ജില്ലാ കലക്ടർക്ക് പുറമെ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക, കൊവിഡ് നോഡെല്‍ ഓഫീസർ ഡോ. പി.ചന്ദ്രശേഖരൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ദിനേഷ് കുമാർ, പ്ലാസ്മ തെറാപ്പിക്ക് നേതൃത്വം നൽകിയ ഡോ.സജേഷ്, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.വിനിജമെറിൻ, ആർ.എം.ഒ.ഡോ. സി.സക്കീർ തുടങ്ങിയവർ ചടങ്ങിൽ പങ്കാളികളായി.