ആലപ്പുഴയിൽ പിക്കപ്പ് വാനിന്റെ പഞ്ചറായ ടയർ മാറ്റുന്നതിനിടെ രണ്ട് പേർ ലോറിയിടിച്ച് മരിച്ചു

 

ആലപ്പുഴയിൽ രണ്ട് പേർ ലോറിയിടിച്ച് മരിച്ചു. പിക്കപ് വാനിന്റെ പഞ്ചറായ ടയർ മാറ്റിക്കൊണ്ടിരിക്കെയാണ് ആലപ്പുഴ പൊന്നാംവെളിയിൽ അപകടം നടന്നത്. പിക്കപ് വാൻ ഡ്രൈവർ ചൊവ്വര സ്വദേശി ബിജു, ടയർ മാറ്റാൻ സഹായിക്കാനെത്തിയ വാസുദേവൻ എന്നിവരാണ് മരിച്ചത്. രാവിലെ ആറ് മണിയോടെയായിരുന്നു അപകടം

കുപ്പിവെള്ള ലോഡുമായി എറണാകുളത്തേക്ക് പോകുകയായിരുന്നു പിക്കപ് വാൻ. ഇതിനിടെ ടയർ പഞ്ചറായി. വണ്ടി റോഡരികിലേക്ക് മാറ്റിയിട്ട് ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ സൈക്കിളിലെത്തിയ വാസുദേവനും സഹായിക്കാൻ കൂടി. ഇവർ ടയർ മാറ്റിക്കൊണ്ടിരിക്കെ എതിർദിശയിൽ എത്തിയ ലോറി ഇവരുടെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു

ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. വെളിച്ചക്കുറവ് മൂലം വാഹനം നിർത്തിയിട്ടത് കണ്ടില്ലെന്നാണ് ലോറി ഡ്രൈവർ പറയുന്നത്.