കുതിരാനിൽ ലോറിയിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരുക്ക്

 

കുതിരാനിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതരമായി പരുക്കേറ്റു. എൻജിൻ ഓഫ് ചെയ്ത് ഇറങ്ങി വന്ന ലോറി ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. കൊഴിഞ്ഞമ്പാറ സ്വദേശികളായ തെക്കുവീട്ടിൽ അജയരാജ്(21), ആലക്കൽ വീട്ടിൽ കൃപ(20) എന്നിവർക്കാണ് പരുക്കേറ്റത്

ഇടിയുടെ ആഘാതത്തിൽ ഇരുവരും ലോറിക്കടിയിലായി. നാട്ടുകാരാണ് ഇവരെ പുറത്തെടുത്തത്. സിമന്റ് കയറ്റി വന്ന ലോറി തുരങ്കത്തിൽ നിന്ന് ഇറങ്ങി വരുമ്പോൾ ഇന്ധനം ലാഭിക്കാൻ എൻജിൻ ഓപ് ചെയ്തതോടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. അപകടം നടന്നതിന് പിന്നാലെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെടുകയും ചെയ്തു.

അപകടത്തിൽ പരുക്കേറ്റവരെ ആദ്യം പട്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതേസമയം പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ കൃത്യസമയത്ത് ആംബുലൻസ് എത്തിയില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അപകടം നടക്കുമ്പോൾ തുരങ്കമുഖത്ത് ആംബുലൻസ് ഉണ്ടായിരുന്നു. എന്നാൽ ഡ്രൈവറെ വിളിച്ചപ്പോൾ ഉറങ്ങുകയാണെന്ന മറുപടിയാണ് ലഭിച്ചതെന്നും നാട്ടുകാർ പറയുന്നു.