സർക്കാർ ജീവനക്കാരെ സ്വന്തം പ്രദേശത്ത് കൊവിഡ് പ്രതിരോധ ജോലിക്ക് നിയോഗിക്കും

 

ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും പരിധിയിൽ താമസിക്കുന്ന സർക്കാർ ജീവനക്കാരെയും അധ്യാപകരെയും കൊവിഡ് പ്രതിരോധ ജോലിക്ക് നിയോഗിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ താമസിക്കുന്ന ജീവനക്കാരുടെ പട്ടിക തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. അതാത് ജീവനക്കാരുടെ വകുപ്പ് തലവൻമാരുടെ അറിയിച്ച ശേഷം തദ്ദേശ സ്ഥാപന മേധാവികൾ ഇവർക്ക് കൊവിഡ് ജോലി നൽകും

ലോക്ക് ഡൗണിനെ തുടർന്ന് സർക്കാർ ഓഫീസുകളിൽ ഹാജർ നില 25 ശതമാനമായി ചുരുക്കിയിരുന്നു. ഭൂരിഭാഗം ജീവനക്കാരും വർക്ക് ഫ്രം ഹോമാണ്. പ്രതിരോധ പ്രവർത്തനങ്ങളിൽ ആൾ ക്ഷാമമുള്ളതിനാലാണ് ഇവരെ കൂടി വിനിയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതോ അനുബന്ധ വകുപ്പുകളിൽ ഉള്ളവരെയോയാണ് ആദ്യം പരിഗണിക്കുക. തുടർന്ന് മറ്റ് വകുപ്പുകളിൽ ഉള്ളവരെയും അധ്യാപകരെയും പരിഗണിക്കും. ആർക്കും കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാകാനാകില്ല. ലോക്ക് ഡൗണിനെ തുടർന്ന് അന്തർജില്ലാ യാത്ര മുടങ്ങിയ സർക്കാർ ജീവനക്കാരെയും കൊവിഡ് ജോലിക്ക് നിയോഗിക്കും.