പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നീക്കം സർക്കാർ നിർത്തിവെക്കുന്നു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്ഥിരപ്പെടുത്തൽ സുതാര്യമാണെന്നും പ്രതിപക്ഷം തെറ്റിദ്ധാരണ പടർത്തുകയാണെന്നും വിലയിരുത്തിയാണ് താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവെക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്
വിവിധ വകുപ്പുകളിൽ തസ്തികകൾ സൃഷ്ടിക്കാനും സർക്കാർ തീരുമാനിച്ചു. 35 ഹയർ സെക്കൻഡറി സ്‌കൂളുകളിലായി 151 തസ്തികകൾ സൃഷ്ടിക്കും. ആരോഗ്യവകുപ്പിൽ 3000 തസ്തികകൾ സൃഷ്ടിക്കും. ഇതിൽ പരിയാരത്ത് മാത്രം 772 തസ്തികകളും ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ 1200 തസ്തികകളുമുണ്ട്. മണ്ണ് സംരക്ഷണ വകുപ്പിൽ 111 തസ്തികകളും സൃഷ്ടിക്കും
ഇതുവരെ നടത്തിയ കരാർ നിയമനങ്ങളുടെ സ്ഥിരപ്പെടുത്തൽ റദ്ദാക്കില്ല. റവന്യു വകുപ്പിലടക്കം കൂടുതൽ തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്. പത്ത് വർഷം തികച്ചവരെ മാത്രമാണ് സ്ഥിരപ്പെടുത്താൻ തീരുമാനിച്ചതെന്നും ഇത് തീർത്തും സുതാര്യമായ നടപടിയാണെന്നും സർക്കാർ വിലയിരുത്തി.