സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും; തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങി

 

സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരും. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ഇന്നലെ തീവ്രമായ മഴ ലഭിച്ചിരുന്നു. നിർത്താതെ പെയ്ത മഴയിൽ പലയിടങ്ങളിലും വെള്ളം കയറി. തിരുവനന്തപുരം നഗരം മണിക്കൂറുകളോളം വെള്ളത്തിനിടിയിലായി. വൈകുന്നേരത്തോടെ തുടങ്ങിയ മഴ രാത്രിയും തുടരുകയായിരുന്നു

തമ്പാനൂർ റെയിൽവേ ട്രാക്കിലും കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലും എസ് എസ് കോവിൽ റോഡിലും വെള്ളക്കെട്ടുണ്ടായി. തിരുമല വലിയവിള റോഡിലും ഗതാഗതം തടസ്സപ്പെട്ടു. തമ്പാനൂരിൽ കാറിനുള്ളിൽ കുടുങ്ങിയ ആളെ ഫയർഫോഴ്‌സെത്തിയാണ് രക്ഷപ്പെടുത്തിയത്.

തെക്കൻ കേരളത്തിന്റെ തീരമേഖലയിലാണ് മഴ ശക്തമായി ലഭിച്ചത്. 128 മില്ലി മീറ്റർ മഴയാണ് തിരുവനന്തപുരം നഗരമേഖലയിൽ രേഖപ്പെടുത്തിയത്. കോഴിക്കോട് കക്കയത്തും കാസർകോട് വെള്ളരിക്കുണ്ട് മേഖലയിലും മഴ രാത്രിയും തുടർന്നു.

വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ നാളെ മുതൽ കേരള തീരത്ത് നിന്ന് കടലിൽ പോകരുതെന്നും നിർദേശമുണ്ട്.