സത്യപ്രതിജ്ഞ നീളുന്നത് ജോത്സ്യന്റെ നിർദ്ദേശപ്രകാരമോ; മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

തിരുവനന്തപുരം: സർക്കാരിന്റെ സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യന്റെ നിർദ്ദേശ പ്രകാരമാണോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തെ ചിരിച്ചു തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സത്യപ്രതിജ്ഞാ ചടങ്ങ് വൈകുന്നത് ജ്യോത്സ്യന്റെ നിർദ്ദേശ പ്രകാരമാണെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.

വാർത്താസമ്മേളനത്തിനിടെ ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു പൊട്ടിച്ചിരിച്ചു കൊണ്ട് മുഖ്യമന്ത്രി മറുപടി നൽകിയത്. ‘ അതുശരി, അപ്പോൾ ജ്യോത്സ്യനിൽ വിശ്വാസമുള്ള ആളായി ഞാൻ മാറി അല്ലേ. രണ്ടും നിങ്ങളുടെ (മാദ്ധ്യമങ്ങളുടെ) ആൾക്കാർ തന്നെ പറയുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചത്.

സത്യപ്രതിജ്ഞ 20 ന് തന്നെ നടത്താം എന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് അദ്ദേഹം അറിയിച്ചു. എൽഡിഎഫ് യോഗം കൂടി ആലോചിക്കേണ്ടതുണ്ടെന്നും അതിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.