നിമിഷപ്രിയയുടെ മോചനത്തിനായി നയതന്ത്ര ഇടപെടൽ വേണം; ഡൽഹി ഹൈക്കോടതിയിൽ ഹർജി

 

യെമനിൽ കൊലപാതക കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയക്ക് വേണ്ടി ഡൽഹി ഹൈക്കോടതിയിൽ ഹർജി. സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലാണ് ഹർജി നൽകിയത്. നിമിഷയുടെ ജീവൻ രക്ഷിക്കാൻ നയതന്ത്ര ഇടപെടൽ വേണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു

ദയാധനത്തിനുള്ള സംവിധാനം ഒരുക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നേരത്തെ നിമിഷപ്രിയയുടെ ഹർജി യെമനിലെ അപ്പിൽ കോടതി തള്ളുകയും വധശിക്ഷ ശരിവെക്കുകയും ചെയ്തിരുന്നു.

യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസിലാണ് നിമിഷപ്രിയയെ വധശിക്ഷക്ക് വിധിച്ചത്. തലാലിന്റെ ബന്ധുക്കൾ ചോരപ്പണം വാങ്ങി നിമിഷപ്രിയക്ക് മാപ്പ് നൽകിയാൽ മാത്രമേ ഇനി വധശിക്ഷയിൽ നിന്ന് ഒഴിവാകാൻ സാധിക്കൂ. ഇതിനായി നയതന്ത്ര ഇടപെടൽ വേണമെന്നാണ് ഹർജിയിലെ ആവശ്യം.